Sunday 27 April 2014

രാഹുൽ ഗാന്ധിക്ക് ഡിറ്റെക്ടിവ് നാരായണൻ കുട്ടിയുടെ ട്യുഷൻ

"കുട്ടിയെ കാണാൻ ആരോ വന്നിട്ടുണ്ട്. എന്തോ അത്യാവശ്യമാണെന്ന് തോന്നുന്നു. അകത്തേക്ക് അയക്കട്ടെ?"

സാറാമ്മ എന്റെ പുതിയ സെക്രടറി ആണ്. യഥാർത്ഥ പേര് സരസു. പക്ഷെ എനിക്ക് കമ്പം ബഷീറിന്റെ സാറാമ്മയോടാണ്. ഇന്റർവ്യുവിൽ അവൾ ശോഭിച്ചു. നല്ല തന്ടെടം, കാണാനും അത്യാവശ്യം ആരോഗ്യം. ഒരു കുറ്റാന്വേഷകന്റെ സെക്രെടറി ആകാൻ പോന്ന ഗുണങ്ങൾ. പോരാത്തതിന് രാഷ്ട്രീയത്തിൽ വലിയ താല്പര്യവും ഇല്ല. ഞാൻ ഒരു വ്യവസ്ഥ വെച്ചു. 'നിന്നെ ഞാൻ സാറാമ്മ എന്ന് വിളിക്കും.' ഇതിനു വേറൊരു കാരണം കൂടിയുണ്ട്. ഇന്ന് ഷെർലോക്ക് ഹോംസ്-വാട്സണ്‍ ഒരു പ്രണയ ജോഡി ആയിരുന്നോ എന്ന വിഷയത്തിൽ  PhD ചെയുന്നു വിദ്യാർഥികൽ. അങ്ങനെ ഒരു തെറ്റിധാരണ എൻറെ കാര്യത്തിൽ വേണ്ട. ദശാബ്ദങ്ങൽക്ക് ശേഷം, കേരളത്തിലെ ചരിത്രകാരന്മാർ എന്റെയും സാറാമ്മയുടെയും പ്രണയ ബന്ധം പഠിക്കട്ടെ.


"സാറാമ്മേ ഞാൻ അല്പം തിരക്കിലാണ്. കക്ഷിയോടു പിന്നെ വരാൻ പറയൂ."

"അയാൾ വളരെ ബുദ്ധിമുട്ടിലാണ് എന്ന് തോന്നുന്നു."

"കക്ഷി ആരൻണ്? വല്ല പിടിയും ഉണ്ടോ?"

"എന്റെ നിരീക്ഷണം: വയസ്സ് 40-നു മേലെ, പക്ഷെ മുഖത്ത് ഒരു കുട്ടിത്തം. വസ്ത്രം ജീൻസ്, ടി-ഷർട്ട്‌. ഒരു തോൽ സഞ്ചി. കൂളിംഗ് ഗ്ലാസ്. 'ബോസ്സ് സിസ്റ്റം ശരിയല്ല' എന്ന് പിറുപിറുക്കുന്നു. ഒരു സ്ഥലത്ത് നില്ക്കുന്നില്ല, ഭയങ്കര വെപ്രാളം. ഇടയ്ക്കു ഷർട്ട്‌ കൈ മടക്കും, ഇടയ്ക്കു തുറന്നിടും."

ഞാൻ എന്റെ പൈപ്പ് കത്തിച്ചു, ഒരു പുക അകത്താക്കി.

"എന്റെ ഊഹം ശരിയെങ്കിൽ നമ്മുടെ അതിഥി ഒരു വൻ പുള്ളിയാണ്. അവിവാഹിതൻ. ഭാവി പ്രധാനമന്ത്രി. ചുരുങ്ങിയ പക്ഷം ഒരു പ്രതിപക്ഷ നേതാവെങ്കിലും ."

"എങ്ങനെ മനസ്സിലായി?"

"നിന്റേത് വെറും നിരീക്ഷണം. എന്റേത് സൂക്ഷ്മ നിരീക്ഷണം."

അപ്പോഴേക്കും നമ്മുടെ കക്ഷി അകത്ത് കടന്നു.

"സർ, എന്റെ എന്ത് സഹായമാണ് താങ്കൾക്ക് വേണ്ടത്?"

"ഞാൻ കഴിഞ്ഞ ആഴ്ച ഒരു ഇംഗ്ലീഷ് TV ചനെലിനു ഇന്റർവ്യു കൊടുത്തു. എന്റെ കൂട്ടുകാര് പറയുന്നു അടിപൊളി ആയിരുന്നു എന്ന്, പക്ഷെ നെറ്റിൽ എന്നെ നിർത്തി പൊരിക്കുന്നു. എന്താണ് സത്യം. ചിലര് പറയുന്നു ഞാൻ കഞ്ചാവ് കഴിച്ചിരുന്നു എന്ന്."

"ശിവ, ശിവ."

"ഞാനേ കഞ്ചാവേ!"

"ശുദ്ധ അസംബന്ധം."

"ഇതിൽപ്പരം ഒരു അപമാനം ഇനി വരാനില്ല."

"അതെ, അതെ. കഞ്ചാവ് സ്വാമി ഈ അപമാനം ക്ഷമിച്ചാലും. താങ്കള് ഒരു കഞ്ചാവ് ഭക്തൻ ആയിരുന്നു എങ്കിൽ കഥ ആകെ മാറിയേനെ. ആ ഇന്റർവ്യു രാഷ്ട്രീയമാകെ മാറ്റി മറിച്ചെനെ."

"കുട്ടി എന്താണ് പറഞ്ഞു വരുന്നത്. ഞാൻ അത്രയ്ക്ക് മോശമായിരുന്നോ?"

"അക്കാര്യത്തിൽ സംശയം വേണ്ട. വളരെ, വളരെ ബോറ് ആയിരുന്നു. ഇതിലും ഭേദം പ്രിയന്റെ ഹിന്ദി പടം കാണുന്നതായിരുന്നു."

അദ്ദേഹത്തിന്റെ മുഖമാകെ വാടി. അണ്ടി പോയ അണ്ണാനെ പോലെ എന്ന ഉപമ യോജിക്കുമെങ്കിലും പ്രയോഗിക്കുന്നില്ല.

"ഇനി എന്താ വഴി?"

"വഴി പലതുണ്ട്. വിവാഹം കഴിക്കാം, അച്ഛൻ ആകാം, കുട്ടികളെ പോറ്റാം, അല്ലെങ്കിൽ ഭജനമിരിക്കാം, സന്യസിക്കാം."

"ഇല്ല. അത് പറ്റില്ല. ഞാൻ അങ്ങനെ തോൽവി സമ്മതിക്കില്ല."

ഞാൻ മുറിയുടെ തെക്ക് ഭാഗത്തുള്ള അലമാര തുറന്നു. ഒരു ജാർ പുറത്തെടുത്തു.

"ഇതെന്താണെന്നു അറിയുമോ? ലോകമെമ്പാടുമുള്ള ലഹരി പതാർഥങ്ങളും പല തരം മദ്യങ്ങളും ചേര്ന്ന മിശ്രുതം. മതിയായ അളവിൽ ഉപയോഗിച്ചാൽ മനുഷ്യന്റെ കഴിവ് പതിന്മടങ്ങ് വർധിക്കും."

"ഞാൻ വിശ്വസിക്കില്ല."

"O = (M5 + A3 + E2 + C7 + I)/W. ഞാൻ കണ്ടു പിച്ച ഫോര്മുല ആണ്. E=MC2-നേക്കാൾ വലുത്. ഇത് പുറത്തറിഞ്ഞാൽ ഭൌതിക ശാസ്ത്രവും, രസതന്ത്രവും, ഗണിതവും എല്ലാം മാറി മറിയും. God particle കേട്ടിട്ടുണ്ടോ? കേട്ട് കാണാൻ വഴിയില്ല. നിങ്ങൾ രാഷ്ട്രീയക്കാർ അക്ഷര വിരൊധികളല്ലേ!  ഈ God particle തപ്പി കോടി കണക്കിന് രൂപ മുടക്കി യുറോപ്പിൽ ഗവേഷണം തുടരുന്നു. അവര്ക്ക് ഈ ഫോര്മുല കിട്ടിയാലത്തെ സ്ഥിതി ആലോചിച്ചു നോക്കുക. ഒന്നും വേണ്ട ആപ്പിൾ ഐസക് ന്യൂടന്റെ തലയിൽ വീണപ്പോൾ കക്ഷി ഇത് കഴിച്ചിരുന്നുവെങ്കിൽ എന്തായിരുന്നേനെ സ്ഥിതി? ഇതു ഞാൻ പുറത്തു വിട്ടാൽ ഒരു നോബൽ ഉറപ്പ്."

"അത് കള. കുട്ടിയുടെ പരിപ്പ് എന്റെ അടുത്ത് വേവില്ല. ഒന്നുമില്ലെങ്കിലും ഞാൻ ഒരു 100 കോടി ജനങ്ങളെ കഴിഞ്ഞ കുറെ കൊല്ലങ്ങളായി പറ്റിച്ചുകൊണ്ടിരിക്കുകയല്ലേ."

"വിശ്വാസം ഇല്ല. എങ്കിൽ കേട്ടോ. ഒരു തവണ ഞാൻ ഈ മരുന്ന് എന്റെ സാറാമ്മക്ക് കൊടുത്തു. ഞങ്ങൾ തമ്മിലുള്ള കരാർ ദിവസം ഒരു പ്രേമ ലേഖനം ആണ്. അന്ന് അവൾ മണിക്കൂറിനു ഒരെണ്ണം വീതം എഴുതി. ആവർത്തനമില്ലാതെ. അവസാനത്തെ മൂന്നാലെണ്ണം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. പ്രണയപുളകിതനായ ഞാൻ എല്ലാം മറന്നു അവളെ വാരിപ്പുണരാൻ ഒരുങ്ങി. അന്നേരം ഭഗവാൻ എന്റെ അയല്ക്കാരന്റെ ടേപ്പ് റെകൊർദെർ രൂപത്തിൽ പാടി, 'ഈശ്വര ചിന്ത ഒന്നേ മനുഷ്യന് ശാശ്വതമേ  ഉലകിൽ'. സ്വബോധം വീണ്ടു കിട്ടിയ ഞാൻ അവളെ വെറുതെ നോക്കിയിരുന്നു നേരം പുലര്ത്തി. അന്ന് ഞാൻ ആ മിശ്രിതത്തിന് പേരിട്ടു Kutty's Power."

"ഒന്ന് മൂടായി വന്നതായിരുന്നു. കുട്ടി എല്ലാം കളഞ്ഞു കുളിച്ചു. ആട്ടേ Kutty's Power കൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം."

"അത് മാത്രം പോരാ. നിങ്ങൾ എന്റെ ക്രാഷ് കോഴ്സ് എടുക്കണം. 25 ചൊദ്യങ്ങളും ഉത്തരങ്ങളും. ഇത് പഠിച്ചാൽ ഏതു കപീഷും പാസാകും. ഞാൻ ഇത് അവസാനം പ്രയോഗിച്ചത് അരവിന്ദൻ കെജ്രിവാൾ എന്നൊരു മനുഷ്യന്റെ തലച്ചോറിലാണ്. ഇപ്പോൾ അരവിന്ദൻ ഒരു മുഖ്യമന്ത്രി ആണ് എന്നാണു അറിവ്."

"ചെലവ്?"

"പ്രധാനമന്ത്രി ആകാൻ പോകുന്ന ആള് ഇങ്ങനെ ചോദിക്കാമോ? മുഴുവൻ ഖജനാവ് ജയിച്ചാൽ നിങ്ങലുടേതല്ലെ! അതിന്റെ ഒരു ചെറിയ അംശം തന്നാൽ എനിക്കും കുശാൽ, നിങ്ങള്ക്കും കുശാൽ. ഞാൻ ആരെയും ശല്യം ചെയ്യാതെ കള്ളു കുടിച്ചും, പെണ്ണ് പിടിച്ചും ചത്തടിഞോളാം. സംശയമെങ്കിൽ ഞാൻ ഒരു powerpoint presentation ചെയ്യാം. അത് കഴിഞ്ഞ്‌ തീരുമാനിക്കാം. "

*******************************


BIG BANG INTERVIEWപ്രേക്ഷകർ: ഇന്ത്യൻ മധ്യവര്ഗ്ഗം    

ലക്‌ഷ്യം: വിപക്ഷ വോട്ടുകൾ ചാക്കീട്ടു പിടിക്കുക

കുട്ടിയുടെ തിരഞെടുപ്പ് സിദ്ധാന്തം ആധാരമാക്കിയത്. കുട്ടി പറയുന്നു ഒരു യഥാര്ത ജനാധിപത്യത്തിൽ നേതാക്കൾ ജനങ്ങള് കേൾക്കാൻ ആഗഹിക്കുന്നതു പറയുന്നു, പറഞ്ഞു കൊണ്ടേയിരിക്കുന്നു, പ്രവൃത്തിയും, വാക്കും തമ്മിൽ പുല ബന്ധം പോലും പാടില്ല.   


Excerpts from the course

പാഠം 1: പുതിയ മുദ്രാവാക്യം

സാധാരണക്കാരന്റെ വിശപ്പ്‌ ലകഷ്യമിടുക.

ഉദാഹരണം:
ചിക്കൻ-പറോട്ട രണ്ടു നേരം,
ഓരോ വോട്ടും കൈപ്പത്തിക്ക്

പാഠം 2: വിദേശ നയം

a) പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കും, വേണ്ടി വന്നാൽ കോടി സുനിയെ അങ്ങൊട്ടയക്കും.

b) ചൈനയുമായുള്ള അതിർത്തി തര്ക്കം സംസാരിച്ച് പരിഹരിക്കും, അവർ വഴങ്ങിയില്ലെങ്കിൽ, സഖാവ് വി.എസിനെ അങ്ങോട്ട്‌ കയറ്റുമതി ചെയ്യും എന്ന് ഭീഷണി മുഴക്കും

പാഠം 3: ആദിവാസികൾക്ക് സഹായം

ആദിവാസികളെ ഇപ്പോൾ ജാനുവിന് പോലും വേണ്ട, പിന്നെന്തിന്നാ നിങ്ങള്ക്ക്

പാഠം 4: മദ്യ നയം

മദ്യത്തിനുമേൽ എര്പെടുത്തിയിരിക്കുന്ന കരം അമ്പതു ശതമാനം കുറയ്ക്കും. ഇവ്വിധം പുരുഷ വര്ഗ്ഗം വരുതിയിൽ. ഇവരിൽ കുറഞ്ഞ പക്ഷം -- ഒരു 10 ശതമാനം എങ്കിലും --  ഭാര്യമാരെ വിരട്ടി വോട്ട് നേടി തരും. സ്ത്രീകളിൽ ഒരു 10
ശതമാനം ന്യൂ ജനറെഷൻ ആണ്, അവരും മദ്യപിക്കും. കേരളം നിങ്ങളുടെ പോക്കറ്റിൽ.

പാഠം 5: സിഖ് കലാപത്തിനു ക്ഷമാപണം      

പോയാൽ 'മാപ്പ്' എന്ന ഒരു വാക്ക്, കിട്ടിയാൽ 4-5 സീറ്റ്

പാഠം 6: ചരിത്രം

നമ്മുടെ നാട്ടുകാരെ നമ്മുടെ സുവര്ണ്ണ കാലം ഒര്മിപ്പിക്കുക. എങ്ങനെ നമ്മുടെ പൂർവികർ ടെലിഫോണ്‍, TV, വിമാനം, കപ്പൽ, കടലാസ്, തുണി, ആടോം ബോംബ്‌ ഇത്യാദി സാമാനങ്ങൾ കണ്ടു പിടിച്ചു ഈ ലോകത്തെ വെട്ടിലാക്കി എന്ന് പറഞ്ഞു മനസ്സിലാക്കുക. നിങ്ങളുടെ കൂട്ടുക്കാർ ഇത് ഫേസ്ബുക്ക്‌, ട്വിറ്റെർ എന്നിവയിലൂടെ ഈ സന്ദേശം പരത്തിക്കോളും.            

ബാക്കി പഠിക്കുന്നതിനായി, രൊക്കം തുക കെട്ടിവെയ്ക്കുക്ക

*****************************

"ഇത് വല്ലതും നടക്കുമോ? എന്താ ഒരു ഉറപ്പ്?"

"താങ്കൾ ഭാഗ്യവാനാണ്. ചോദ്യങ്ങൾ പാഠപുസ്തകത്തിൽ നിന്നും മാത്രമേ ചൊദിക്കൂ. ചില സമയം ചോദ്യം പുറത്തു നിന്ന് വരും. ആ കഥ ഒന്ന് ആലോചിച്ചു നോക്കിയേ."

"അങ്ങനെയും സംഭവിക്കാറുണ്ടൊ?"

"ഞാൻ ഒരു കഥ പറയാം."

"തല വെച്ച് പോയില്ലേ, വധിക്ക്. കുട്ടിക്ക് ഞാൻ അനുവാദം തന്നിരിക്കുന്നു."

"പണ്ട് ഒരു പയ്യന് പത്താം ക്ലാസ് പരീക്ഷക്ക്‌ റഷ്യൻ വിപ്ലവം പഠിച്ചിട്ടു പോയി. അവന്റെ അടുത്ത് ചോദിച്ചതോ താങ്കളുടെ അമ്മൂമ്മ ഇന്ത്യക്ക് സമ്മാനിച്ച അടിയന്തരാവസ്ഥയെ കുറിച്ചും.

"എനനിട്ടോ?"

"പയ്യൻ ആദ്യം ഒന്ന് പകച്ചു, എന്നിട്ട് സകല കളരി ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച്‌ പേന എടുത്തു പടക്കിറങ്ങി. 1975 ഇന്ത്യയെ സംഭന്ധിചു ഒരു നാഴികക്കല്ലാണ്. അക്കൊല്ലം
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്കൊല്ലം അമിതാഭ് ബച്ചന്റെ ദീവാർ എന്നാ സിനിമ പുറത്തിറങ്ങി. പയ്യൻ ദീവാറിന്റെ കഥ പുറത്തെടുത്തു, കുറച്ചു എരിവും, പുളിയും ചേർത്തു, എന്നിട്ട് അടിയന്തരാവസ്ഥയുടെ കഥ എഴുതി. എഴുതി എന്ന് പറഞ്ഞാൽ പോര, എഴുതി മറിച്ചു. ഒരു മുപ്പതു പേജെഴുതി പയ്യൻ പരീക്ഷയിൽ  നൂറു മേനി കൊയ്തു. ആ പരീക്ഷപേപ്പർ പരിശോധിച്ച എക്സാമിനെർ അതെ കഥയിൽ കുറച്ചു കണ്ണീരും ചോരയും കൂട്ടി ചേർത്ത് ജെ.എൻ.യുവിൽ സമര്പ്പിച്ചു doctorate നേടി."

"ഹോ, രോമാഞ്ചം കൊള്ളിക്കുന്ന കഥ."

"ആ പയ്യൻ ഇന്ന് ആരെന്ന് അറിയുമോ?"

"ആരാ ആ പഹയൻ?"

"എളിമ എന്നെ ആ പേര് പറയാൻ അനുവദിക്കുന്നില്ല. ഇന്ന് വിശ്വവിഖ്യാതനായ ഒരു സത്യാന്വെഷിയാണ്, ശാസ്ത്രജ്ഞനാണ്, സമൂഹത്തിന്റെ രക്ഷകനാണ്‌, മൂല്യങ്ങളുടെ കാവല്ക്കാരനാണ്, തത്ത്വചിന്തകനാണ്... ഇനിയും പറയണോ?"

"മതി, മതി. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലാതെ. "

No comments:

Post a Comment